ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യഥാർത്ഥത്തിൽ ബിജെപി ഭരണത്തിന് കീഴിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
” തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴാണ് പൂർണമായും സ്വതന്ത്രമായത്. കഴിഞ്ഞ 50-60 വർഷമായി ഏക അംഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിച്ചിരുന്നത്. ഒരു പ്രത്യേക പാർട്ടിയുമായി അടുപ്പമുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരുന്നത്. അവിടെ പുറത്ത് നിന്ന് വരുന്ന ഉദ്യോഗസ്ഥർ ഒന്നുകിൽ ഗവർണർമാരോ എംപിമാരോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ എൽ കെ അദ്വാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടവരോ ആണ്” പ്രധാനമന്ത്രി വ്യക്തമാക്കി.
1999ലെ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനല്ലൈ നാരായണ അയ്യർ ശേഷനെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അഹമ്മദാബാദിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്വാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആളാണ് തിരുനല്ലൈ നാരായണ അയ്യർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യ രണ്ട് ഘട്ടങ്ങളിൽ പുറത്ത് വിട്ട വോട്ടർമാരുടെ കണക്കിൽ പൊരുത്തക്കേട് വന്ന സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന്, കമ്മീഷനിലെ അംഗങ്ങൾ ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞു.