കാസർകോട്: വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ. നേരത്തെ പീഡനകേസിലുൾപ്പെടെ പ്രതിയായിട്ടുള്ള ആളാണ് പിടിയിലായത്. പൊലീസ്
വിവരം സ്ഥിരീകരിച്ചിട്ടില്ല. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന വ്യക്തിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു.















