ന്യൂഡൽഹി: താൻ ഒരിക്കലും അഭിമുഖങ്ങൾ നിരസിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അപേക്ഷിച്ച് എന്തുകൊണ്ടാണ് ഇപ്പോൾ വാർത്താ സമ്മേളനങ്ങൾ നടത്താത്തതെന്നുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.
മാദ്ധ്യമങ്ങളെ ഇപ്പോൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ആ പാതയിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇന്നത്തെ മാദ്ധ്യമ ധർമം പഴയതുപോലെയല്ല എന്ന് വ്യക്തമാക്കിയത്.
സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന മാദ്ധ്യമങ്ങളുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. “എനിക്ക് കഠിനാധ്വാനം ചെയ്യണം. പാവപ്പെട്ടവരുടെ വീടുകളിൽ പോയി പ്രവർത്തിക്കണം. വേണമെങ്കിൽ എനിക്ക് വിജ്ഞാൻ ഭവനിലിരുന്ന് റിബ്ബൺ മുറിച്ച് ഫോട്ടോ എടുക്കാം. പക്ഷെ ഞാനത് ചെയ്യില്ല. പകരം ഞാൻ ജാർഖണ്ഡിലെ ഒരു ചെറിയ ജില്ലയിൽ പോയി അവിടെ അവർക്കാവശ്യമായ പദ്ധതികൾക്കായി പ്രവർത്തിക്കുന്നു,” മോദി പറഞ്ഞു.
മാദ്ധ്യമങ്ങൾ ഇന്ന് ഒരു പ്രത്യേക സ്ഥാപനമല്ല. അവരുടെ കാഴ്ചപ്പാടുകളും ജനങ്ങൾക്ക് വ്യക്തമാണ്. നേരത്തെ മാദ്ധ്യമങ്ങളായിരുന്നു ആശയവിനിമയത്തിന്റെ ഏക സ്രോതസ്സ്, എന്നാൽ ഇപ്പോൾ പുതിയ ആശയവിനിമയ മാദ്ധ്യമങ്ങൾ ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നേതാക്കൾക്ക് ജനങ്ങളുമായി സംസാരിക്കണമെങ്കിലോ ജനങ്ങൾക്ക് നേതാക്കളോട് സംസാരിക്കണമെങ്കിലോ അത് സാധ്യമാണ്. മാദ്ധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ പൊതുജനം പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.