കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളുടെ ആക്രമണങ്ങൾ സന്ദേശ്ഖാലിയിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ബാലൂർഘട്ട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ സുകാംന്ത മജുംദാർ. സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഓരോ ദിവസവും ആക്രമണങ്ങൾക്ക് ഇരകളാവുകയാണെന്നും ഗുണ്ടകൾക്ക് നേരെ പൊലീസ് കണ്ണടയ്‌ക്കുകയാണെന്നും മജുംദാർ പറഞ്ഞു. അടുത്തിടെ തൃണമൂലിന്റെ മൂന്ന് ഗുണ്ടകൾ വന്ന് സന്ദേശ്ഖാലിയിൽ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” സന്ദേശ്ഖാലിയിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളുടെ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അടുത്തിടെ ഇവിടെ നടന്നത്. മൂന്ന് പേർ വന്ന് സന്ദേശ്ഖാലിയിൽ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നു. അവരുടെ മകളുടെ വായ പൊത്തിപ്പിടിച്ചു. ആ കുഞ്ഞിന് ഒന്ന് കരയാൻ പോലും സാധിച്ചില്ല. ആ സ്ത്രീയെ അവർ മൂന്ന് പേരും ചേർന്ന് ഉപദ്രവിച്ചു. സന്ദേശ്ഖാലിയിലെ ജനങ്ങൾ ഓരോ ദിവസവും മുൾമുനയിലാണ് ജീവിക്കുന്നത്.”- സുകാംന്ത മജുംദാർ പറഞ്ഞു.
ബംഗാളിൽ തൃണമൂലിന്റെ ഗുണ്ടകൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. കാരണം പൊലീസ് ഇവരുടെ ആക്രമണങ്ങൾക്ക് ഒപ്പം നിൽക്കുന്നു. സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് 24 പർഗാനയിൽ നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചിട്ടില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ന്യായീകരണം. എന്നാൽ ടിഎംസി നേതാവായിരുന്ന ഷെയ്ഖ് ഷാജഹാനെതിരെ ഇപ്പോഴും നിരവധി പരാതികൾ ഉയരുന്നു. സന്ദേശ്ഖാലിയിലെ ജനങ്ങളുടെ ഭൂമി കൈക്കലാക്കുന്നതിന് പുറമെ അവരെ ഇല്ലാതാക്കാൻ കൂടിയാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും മജുംദാർ പറഞ്ഞു.















