കോഴിക്കോട്: ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്തായ രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാഹുൽ യുവതിയെ മർദ്ദിക്കുന്ന സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നെന്ന് മൊഴി നൽകിയിട്ടുണ്ട്.
രാജേഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. രാജേഷിന്റെ ഉൾപ്പെടെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. രാഹുലിന്റെ ബന്ധുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതി ജർമനിയിൽ ഉണ്ടെന്ന് വ്യക്തമായ സ്ഥിതിയ്‌ക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
രാഹുലിനെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് കടന്നതായി സൂചന ലഭിച്ചതോടെയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി പൊലീസ് വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
അതേസമയം, കേസിൽ വീഴ്ച വരുത്തിയ പന്തീരങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സസ്പെൻഡ് ചെയ്തത്. പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും എസ്എച്ച്ഒ ഗൗരവമായി എടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ വീട്ടുകാരും രംഗത്തെത്തിയതോടെയാണ് അന്വേഷണം ശക്തമായത്. തുടർന്ന് കേസ് പുതിയ അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.















