ബെംഗളൂരു; കോളേജ് വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 20 കാരിയായ പ്രഭുദ്യയാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരത്തുള്ള വീട്ടിലാണ് ബുധനാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ സഹോദരനാണ് വീട്ടിലെ ശുചിമുറിയിൽ പ്രഭുദ്യയുടെ മൃതദേഹം കണ്ടത്, ഉടൻ തന്നെ ഇയാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. യുവതിയുടെ കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. കയ്യിൽ മുറിപ്പാടുകളുമുണ്ടായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. സംഭവസ്ഥലത്തുനിന്നും പൊലീസിന് ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ ആരോ കൊലപ്പെടുത്തിയതാണെന്നും പ്രഭുദ്യയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.