ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും?. എന്താണ് ബിജെപിയുടെ പ്ലാൻ ബി?. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെ ഉയർന്ന ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി ഏറ്റെടുത്ത് മാദ്ധ്യമങ്ങൾ.
എന്നാൽ അത്തരം ഒരു സാഹചര്യത്തിന് ഒരു സാധ്യതയും താൻ കാണുന്നില്ലെന്ന് പറഞ്ഞാണ് അമിത് ഷായുടെ മറുപടി തുടങ്ങിയത്. മോദി സർക്കാർ നൽകിയ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ 60 കോടി ജനങ്ങൾ ഉൾപ്പെടുന്ന ശക്തമായ സൈന്യമാണ് അദ്ദേഹത്തിനൊപ്പമുളളത്. അവർക്ക് ഒരു ജാതിയുമില്ല പ്രായവ്യത്യാസവുമില്ല. മോദി എന്താണെന്നും എന്തുകൊണ്ട് 400 ലധികം സീറ്റുകൾ നൽകണമെന്നും അവർക്ക് അറിയാം അമിത് ഷാ പറഞ്ഞു.
അതുകൊണ്ടു തന്നെ ബിജെപിക്ക് പ്ലാൻ ബി ഇല്ല. പ്ലാൻ എ തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാൻ എ നടപ്പാകാൻ 60 ശതമാനത്തിൽ താഴെ മാത്രം സാധ്യതയുളളപ്പോഴാണ് പ്ലാൻ ബിയെക്കുറിച്ച് ചിന്തിക്കേണ്ടത് . പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.
ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും വേർതിരിച്ചുളള പ്രചാരണങ്ങൾ പെരുപ്പിച്ചുകാട്ടാൻ കോൺഗ്രസ് ശ്രമിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇന്ത്യയ്‌ക്കകത്ത് ആരെങ്കിലും പ്രത്യേക രാജ്യം വേണമെന്ന് പറഞ്ഞാൽ എതിർക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി.
രാജ്യം ഇപ്പോഴെന്നല്ല ഒരിക്കലും വിഭജിക്കാൻ കഴിയില്ല. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും വേർതിരിക്കണമെന്ന് കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവാണ് പറഞ്ഞത്. കോൺഗ്രസ് ഇതുവരെ അത് നിഷേധിക്കാൻ തയ്യാറായിട്ടില്ല. അവരുടെ അജൻഡയെക്കുറിച്ച് ജനങ്ങൾക്ക് ചിന്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും അമിത് ഷാ ഇതിന് മറുപടിയായി കൂട്ടിച്ചേർത്തു. പട്ടികജാതി, പട്ടികവർഗ, ഒബിസി സംവരണത്തെ ഏറ്റവും കൂടുതൽ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു.