മുംബൈ: ഘട്കോപ്പറിലെ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ തകർന്നത് 73 വാഹനങ്ങൾ. പൂർണമായും ഭാഗീകമായും തകർന്ന വാഹനങ്ങളുടെ കണക്കുകളാണിത്. 30 ഇരുചക്ര വാഹനങ്ങൾ, 31 നാലുചക്ര വാഹനങ്ങൾ, എട്ട് ഓട്ടോറിക്ഷകൾ, രണ്ട് വലിയ വാഹനങ്ങൾ എന്നിവയുൾപ്പെടെ 73 വാഹനങ്ങളാണ് തകർന്നത്. അപകടസ്ഥലത്ത് നിന്നും അവശിഷ്ഠങ്ങളും മറ്റും നീക്കം ചെയ്തു. നാല് ദിവസമെടുത്താണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.
ജെസിബി, ക്രെയിൻ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. വാഹനങ്ങൾ ഉടമകൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. 12 ഫയർ എഞ്ചിനുകളും മറ്റ് നിരവധി വാഹനങ്ങളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നു.
16 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഹോൾഡിംഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇഗോ മീഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെയാണ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഉദയ്പൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
പാെടികാറ്റിനെയും കനത്ത മഴയെയും തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നുവീണത്. അപകടത്തിൽ 75- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17,040 സ്ക്വയർ ഫീറ്റ് അളവിൽ നിർമിച്ച ഹോൾഡിംഗാണ് തകർന്നത്. ബോർഡിന് അടിയിൽ കുടങ്ങിയ ആളുകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന പുറത്തെടുത്തത്. ബുധനാഴ്ച അർദ്ധരാത്രിയ്‌ക്ക് ശേഷവും രക്ഷാപ്രവർത്തനം തുടർന്നിരുന്നു.















