ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടിൽ വെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ആക്രമിച്ചെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് മെഡിക്കൽ റിപ്പോർട്ട്. സ്വാതിയുടെ മുഖത്ത് ആന്തരീക മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് സ്വാതി മാലിവാളിനെ പരിശോധിച്ചത്.
ഡൽഹി വനിതാ കമ്മീഷൻ അംഗം വന്ദന സിംഗും മാലിവാളിനൊപ്പം ഉണ്ടായിരുന്നു. എക്‌സ്‌റേയും സിടി സ്‌കാനും നടത്തി. കെജ്‌രിവാളിന്റെ വസതിയിലെത്തിയ തന്നെ മുഖത്ത് തല്ലുകയും ചവിട്ടുകയും വയറ്റിൽ ഇടിക്കുകയും ചെയ്തതായി മാലിവാൾ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അന്വേഷണ സംഘം മാലിവാളിന്റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സ്വാതിക്ക് നേരെ ആക്രമണം നടന്നതായി നേരത്തെ ആം ആദ്മി പാർട്ടി നേതാക്കളും സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആയിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തിയ കെജ് രിവാളിനൊപ്പം ബൈഭവ് കുമാറും ഉണ്ടായിരുന്നു.
മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ സംഭവത്തിൽ പ്രതിഷേധവും ശക്തമായി. ഒരു വനിതാ എംപിയെ അപമാനിച്ച ആളെ കെജ് രിവാൾ സംരക്ഷിക്കുകയാണെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.