കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. രാജേഷിന്റെ വാട്സ്ആപ്പ് ചാറ്റുകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. രാഹുൽ യുവതിയെ മർദ്ദിക്കുന്ന സമയത്ത് താൻ വീട്ടിലുണ്ടായിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതി ജർമനിയിൽ ഉണ്ടെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.















