വ്യത്യസ്തമായ ഐഡിയകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാനുള്ള തത്രപാടിലാണ് ഇന്ന് പലരും. പുതിയ ആശയങ്ങളിലൂടെയും വേറിട്ട രീതികളിലൂടെയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അത്തരത്തിൽ വേറിട്ടൊരു ആശയവുമായെത്തി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ് ടോക്കിയോയിലെ ഒരു യുവതി.
ജപ്പാനിലെ ടോക്കിയോ നഗരവീഥിയിലൂടെ സാരിയുടുത്ത് ശാലീന സുന്ദരിയായി നടക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് നടക്കുന്ന യുവതിയെ കൗതുകത്തോടെയാണ് ജനക്കൂട്ടം നോക്കുന്നത്. നീല സാരിയും അഴിച്ചിട്ട നീളൻ മുടിയുമൊക്കെ ആളുകളുടെ ശ്രദ്ധ കവർന്നതായി വീഡിയോയിൽ വ്യക്തമാണ്. പലരും അത്ഭുതത്തോടെ യുവതിയെ നോക്കുന്നതും വീഡിയോയിൽ കാണാം.
മഹേയ്‌വേ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംരംഭകയും ട്രാവലറുമായ മാഹി ഷർമയാണ് പരമ്പരാഗതമായ ഇന്ത്യൻ വേഷത്തിൽ വന്ന് ആളുകളെ ഞെട്ടിച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. കുട്ടികളുടെ മുഖത്തുണ്ടായ അമ്പരപ്പ് തന്നെയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. റോഡിൽ നിന്നവരെല്ലാം യുവതിയുടെ ചിത്രങ്ങൾ പകർത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് ആളുകൾക്കിടയിലൂടെ നടക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ആളുകൾ ഇത്രയും ഞെട്ടുമെന്ന് കരുതിയില്ലെന്നും യുവതി വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram















