ഗാസ: ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ രണ്ട് തായ് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും മൃതദേഹങ്ങൾ പലസ്തീന്റെ അതിർത്തിയിൽ വച്ചിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഹമാസ് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയെങ്കിലും ഇവർ ജീവനോടെയുണ്ടെന്നാണ് പലസ്തീൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനിടെയാണ് ഹമാസ് ഭീകരർ തായ് പൗരരെ കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത്.
” തോട്ടങ്ങളിൽ കൃഷി ചെയ്തിരുന്ന രണ്ട് തായ് പൗരരെ ഹമാസ് തട്ടിക്കൊണ്ടു പോയിരുന്നു. ഇത്രയും കാലം അവർ ജീവനോടെയുണ്ടെന്നാണ് നമ്മൾ വിചാരിച്ചത്. എന്നാൽ കഴിഞ്ഞ ഒക്ടോബർ 7-ാം തീയതിയുണ്ടായ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. രണ്ട് പേരുടെയും മൃതദേഹം ഹമാസ് കൈവശം വച്ചിരിക്കുകയാണ്. ഈ വിവരം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വ്യസനസമ്മേതം അറിയിച്ചു.”- സൈനിക വക്താവ് ഡാനിയൽ ഹാൻഗറി പറഞ്ഞു.
ഇസ്രായേലിന്റെ കണക്കുകൾ പ്രകാരം നിലവിൽ 6 തായ് പൗരരെയാണ് ഹമാസ് ബന്ദികളായി വച്ചിരിക്കുന്നത്. തായ്‌ലൻഡിൽ നിന്നുള്ള ഏകദേശം 30,000 ആളുകൾ ഇസ്രായേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നവരാണ്.
കഴിഞ്ഞ ഒക്ടോബർ 7-ാം തീയതി ഹമാസ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,170 ആളുകൾ ഇസ്രായേലിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഹമാസിനെ തുരത്താൻ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്.















