രോഗം ബാധിച്ചാൽ എല്ലാവരും ഡോക്ടറെ സമീപിക്കുന്നതാണ് പതിവ്. തുടർന്ന് ആശുപത്രിയിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ പിൻതുടരും. എന്നാൽ ചിലർ ഡോക്ടറെ കാണാതെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന പരിഹാര മാർഗങ്ങളേയാണ് ആശ്രയിക്കുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള പൊടിക്കൈകൾ രോഗം മാറ്റുമെന്ന് പ്രതീക്ഷിച്ച് അവതാളത്തിലായ യുകെ സ്വദേശിനിയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
39-കാരി ഐറീന സ്റ്റോയ്‌നോവ 2021 മുതൽ കാൻസർ ബാധിതയാണ്. അർബുദം ഭേദമാകാൻ സോഷ്യൽമീഡിയയിൽ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാൽ കാൻസർ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയിൽ നിർദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാൻ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതിയുടെ നില മോശമാകാൻ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവർ മുന്നോട്ട് പോയി. എന്നാൽ വൈകാതെ തന്നെ ഐറീന വീണു. സോഷ്യൽമീഡിയയിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോൾ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാൻ പോലും ഐറീനയ്‌ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടർമാർ പറയുന്നു.
സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂർണമായും വിശ്വസിച്ച് ജീവിക്കുന്നവർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കൽ കൗൺസിലടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.