ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിറ്റാണ്ടുകളായി കോൺഗ്രസ് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. വഞ്ചന മുതൽക്കൂട്ടായി കൊണ്ടു നടക്കുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും രാജവംശ രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. റായ്ബറേലിയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” അമേഠിക്ക് വേണ്ടിയും റായ്ബറേലിക്ക് വേണ്ടിയും അഹോരാത്രം പ്രയത്‌നിച്ചവരാണ് സ്മൃതി ഇറാനിയും, ദിനേഷ് പ്രതാപ് സിംഗും. ഇവരുടെ പ്രയത്‌നങ്ങൾക്കും കഠിനാധ്വാനത്തിനുമുള്ള ഫലം രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും ജനങ്ങൾ വോട്ടിലൂടെ നൽകും. ജനങ്ങൾക്കായാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു? അവർ കാണിക്കുന്ന രാഷ്‌ട്രീയം അവരുടെ കുടുംബത്തിന്റെ വളർച്ചയ്‌ക്ക് വേണ്ടിയുള്ളതാണ്. സോണിയയ്‌ക്ക് അവരുടെ മകൻ രാഹുൽ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം, മമതയ്‌ക്ക് തന്റെ അനന്തരവൻ മുഖ്യമന്ത്രിയാകണമെന്നും, ലാലുജിക്കാവട്ടെ തന്റെ മകൻ മുഖ്യമന്ത്രി ആകണമെന്നുമാണ് ആഗ്രഹം. റായ്ബറേലിയും അമേഠിയും തങ്ങൾക്കുള്ളതാണെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ കുടുംബരാഷ്‌ട്രീയം കളിക്കുന്നവർക്കും ജനങ്ങളെ കൊള്ളയടിക്കുന്നവർക്കും ഈ മണ്ണിൽ സ്ഥാനമില്ലെന്ന് കാലങ്ങൾ പിന്നിട്ടപ്പോൾ ജനങ്ങൾ തന്നെ തെളിയിച്ചു. അമേഠിയിലെ ജനങ്ങൾ സ്മൃതിയെ സ്വന്തം മകളെ പോലെ കാണുന്നു.”- അമിത് ഷാ പറഞ്ഞു.
ഇന്ന് ഭാരതത്തിലെ ജനങ്ങൾക്ക് അവരുടെ സ്വന്തം രാമനെ തിരിച്ചു കിട്ടിയിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് നല്ല രീതിയിൽ നടത്തിയില്ലെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എന്ത് സംഭവിക്കുെമന്ന് നമുക്കെല്ലാവർക്കും അറിയാം. അവർ രാമക്ഷേത്രത്തിൽ തർക്ക മന്ദിരത്തിന്റെ പൂട്ടുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അഴിമതിയും ഭീകരവാദ പ്രവർത്തനങ്ങളും തടയാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയോടിക്കാൻ പരിശ്രമിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. വീണ്ടും ബിജെപി അധികാരത്തിലേറിയാൽ രാജ്യം വികസിത രാഷ്‌ട്രമാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















