ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി. ഡൽഹി റോസ് അവന്യൂ കോടതിയിൽ പുതുതായി ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിലാണ് കെജ്രിവാളിനെയും പാർട്ടിയെയും പ്രതി ചേർത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണിത്. ആദ്യമായാണ് കേസിൽ ഒരു രാഷ്‌ട്രീയപാർട്ടിയെ പ്രതി ചേർക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയിൽ നൽകുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.
മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാൾ നടത്തിയ ഗൂഢാലോചനകളുടെ തെളിവുകളും കുറ്റപത്രത്തോടൊപ്പം പ്രത്യേക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കെജ്രിവാളും ഹവാല ഇടപാടുകാരും ചാറ്റിലൂടെ പരസ്പരം ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും ഇഡി സുപ്രീംകോടതിയിൽ പറഞ്ഞു. കെജ്രിവാൾ തന്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്വേഡ് നൽകാത്തതിനാൽ ഹവാല ഇടപാടുകാരിൽ നിന്നാണ് ചാറ്റിന്റെ വിവരങ്ങൾ ശേഖരിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.
സ്വകാര്യ മദ്യനയത്തിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് എഎപി ഉപയോഗിച്ചത്. അതുകൊണ്ടാണ് കേസിൽ പാർട്ടിയും ഉൾപ്പെട്ടത്തെന്നും ഇഡി നേരത്തെ അറിയിച്ചിരുന്നു. കെജ്‌രിവാൾ 7 സ്റ്റാർ ഹോട്ടലിൽ താമസിച്ചതിന്റെ ബില്ലുകൾ ഉൾപ്പെടെ ഇഡിയുടെ പക്കലുണ്ട്. കേസിലെ പ്രതികളിലൊരാളാണ് ബില്ലടച്ചതെന്നും അഡീഷണൽ സോളിറ്റർ ജനറൽ എസ്‌വി രാജു സുപ്രീംകോടതിയെ അറിയിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി വിധി പറയാൻ മാറ്റി.