റായ്ബറേലി : റായ്ബറേലിയിലെ ജനങ്ങളോട് വൈകാരികമായി പ്രതികരിച്ച് സോണിയാഗാന്ധി. 20 വർഷം എംപിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് നന്ദിയറിയിച്ച സോണിയ റായ്ബറേലിയിലെ ജനങ്ങൾക്ക് തന്റെ മകനെ നൽകുന്നതായും പറഞ്ഞു. രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സോണിയ പറഞ്ഞു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
“എനിക്ക് എല്ലാം നിങ്ങൾ തന്നതാണ്. അതിനാൽ, സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങൾക്ക് എന്റെ മകനെ തരുന്നു . നിങ്ങൾ എന്നെ നിങ്ങളുടേതായി കാണുന്നു. അതുപോലെ നിങ്ങൾ എന്റെ മകനെയും കാണൂ. അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല” സോണിയ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും രാഹുലും വേദിയിൽ നിൽക്കുമ്പോഴായിരുന്നു സോണിയയുടെ വാക്കുകൾ.
“ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും എന്നെ പഠിപ്പിച്ച അതേ പാഠങ്ങൾ ഞാൻ രാഹുലിനെയും പ്രിയങ്കയെയും പഠിപ്പിച്ചു. എല്ലാവരേയും ബഹുമാനിക്കുക, ദുർബലരെ സംരക്ഷിക്കുക, അനീതിക്കെതിരെ പോരാടുക. ഭയപ്പെടരുത്, കാരണം സമരപാരമ്പര്യം വളരെ ആഴമേറിയതാണ്, തുടങ്ങിയവ. 20 വർഷം എംപിയായി നിങ്ങളെ സേവിക്കാൻ നിങ്ങൾ എനിക്ക് അവസരം തന്നു, ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത്” സോണിയ പറഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസിന്റെയും എസ്പിയുടെയും മറ്റ് മുതിർന്ന നേതാക്കളും റാലിയിൽ പങ്കെടുത്തിരുന്നു.