ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ കാലത്ത് രാജ്യത്തിന്റേയും ഇവിടുത്തെ പൗരന്മാരുടെ കഴിവുകളുടെ പങ്കുമെല്ലാം വലിയ രീതിയിൽ വിലയിരുത്തപ്പെടുന്നുണ്ട്. സാങ്കേതിക മേഖലയിൽ കൈവരിച്ച പുരോഗതി തന്നെ വലിയ രീതിയിലുള്ള ആവശ്യകത ആഗോളതലത്തിൽ സൃഷ്ടിക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” നമ്മുടെ കഴിവുകൾ നീതിപൂർവ്വമായി പരിഗണിക്കപ്പെടുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ജോലിസ്ഥലം ആരംഭിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും അധികം വേഗത്തിലായിരിക്കും നമ്മുടെ വളർച്ച ഉണ്ടാകുന്നത്. അപ്പോൾ ഓരോ ജോലിയുടേയും അതിന്റെ പ്രവർത്തനശൈലിയുമെല്ലാം വിപുലീകരിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതുമെല്ലാം കേന്ദ്രസർക്കാരിന്റെ കൂടെ പരിഗണനയിൽ വരുമെന്നും” ജയശങ്കർ വ്യക്തമാക്കി.
യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ നടത്തിയ ദൗത്യത്തെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ” ആഗോളതലത്തിലുള്ള ഒരു ജോലിസ്ഥലം ഒരുക്കുമ്പോൾ വിദേശത്തുള്ള പൗരന്മാരെ സുരക്ഷിതരാക്കാനുള്ള ബാധ്യത കൂടി നമ്മളിലേക്ക് സ്വാഭാവികമായി വരും. യുക്രെയ്‌നിലും സുഡാനിലുമെല്ലാം ഇത് തെളിയിക്കപ്പെട്ടു.
മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും വർദ്ധിക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് എത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. യുക്രെയ്ൻ-റഷ്യ, ഹമാസ്-ഇസ്രായേൽ സംഘർഷമെല്ലാം ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതിസന്ധിക്ക് കാരണമായി. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. പലയിടങ്ങളിലും കരാറുകൾ ലംഘിക്കപ്പെടുന്നു. യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ഇടങ്ങളിൽ പിരിമുറുക്കത്തിന് കാരണമായിട്ടുണ്ടെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.