തിരുവനന്തപുരം: വിദേശ സന്ദർശനം അവസാനിപ്പിച്ച് നിശ്ചയിച്ചതിലും നേരത്തെ തിരിച്ചെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കുട്ടിയുമുണ്ടായിരുന്നു.
നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ എത്തിയത്. സ്വകാര്യ യാത്രക്ക് ശേഷം ഇന്നലെ രാത്രിയായിരുന്നു ദുബായിൽ നിന്നും മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനായിരുന്നു മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ, ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽ ആരും എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് നാളെയാണ് തിരിച്ചെത്തുന്നത്.