ലളിതമായ വരികളിലൂടെ വരച്ചിടുന്ന ആശയവിനിമയം , കവിതകളെ നമുക്ക് ഇങ്ങനെയും വിശേഷിപ്പിക്കാം . ലോകത്തില്ലാത്ത സൗന്ദര്യം വാക്കുകളിലൂടെ മറ്റുള്ളവരിലേയ്‌ക്ക് പകർന്ന് നൽകുന്നതാണ് നല്ല കവിതകൾ . എന്നാൽ സ്വന്തമായി കവിതകൾ എഴുതാനാകാതെ കോപ്പിയടിക്കേണ്ട ഗതികേട് വന്നാലോ . ഈ അവസ്ഥ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം .
കവിതയുടെ ധർമം സൗന്ദര്യം സൃഷ്ടിക്കലാണ് . കവി ഉപയോഗിക്കുന്ന വാക്കുകളുടെ പ്രത്യേകത അത് ഭാവനാപൂർണ്ണമാകണം . അതിനായി കൂടുതൽ കവിതകൾ വായിക്കുക. സർഗ്ഗാത്മക പരിപാടികളിൽ പങ്കെടുക്കുന്നതും, കവിതാ വായനകളിൽ പങ്കെടുക്കുന്നതും , എഴുത്തുകാരുടെ അല്ലെങ്കിൽ വായനക്കാരുടെ ഗ്രൂപ്പിൽ അംഗമാകുന്നതും സ്വന്തമായി കവിതകൾ എഴുതാൻ സഹായിക്കും.
ആദ്യം കവിത എഴുതാൻ തുടങ്ങുമ്പോൾ, നിങ്ങൾക്കറിയാവുന്നതും നിങ്ങൾക്ക് ശരിക്കും സംസാരിക്കാൻ കഴിയുന്നതുമായ കാര്യങ്ങളെക്കുറിച്ച് എഴുതുക. കവിത വായിക്കുന്ന ഒരാള്‍ക്കു കവിയുടെ ആത്മഹര്‍ഷങ്ങളുടെയും നൊമ്പരങ്ങളുടെയും പ്രവാഹത്തില്‍ ലയിച്ചുചേരുവാനും ആശയത്തിൽ അലിയുവാനും കഴിയണം. അതിനായി നല്ല പദസമ്പത്തും അതിന്റെ ഉപയോഗത്തിലുള്ള ഔചിത്യവും ഏറെ ആവശ്യമാണ് .
ഒരു കവിത ഏത് രൂപത്തിലും എന്തിനെക്കുറിച്ചും എഴുതാം. അത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടമായാലും, എന്തിന്റെയെങ്കിലും ഭംഗിയായാലും, നിങ്ങൾ അനുഭവിക്കുന്ന സന്തോഷമായാലും, നിങ്ങളുടെ ചിന്തകൾ നിങ്ങൾക്ക് കവിതകളിലൂടെ പറയാം .















