പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കളക്ഷനിൽ കുതിച്ച് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തെത്തിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 16 കോടിയാണ് ചിത്രം നേടിയത്. ചെറിയ പ്രമേയവുമായെത്തിയ ചിത്രം തിയേറ്ററിൽ വമ്പൻ വിജയമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചെറിയ വലിയ കല്യാണം പ്രേക്ഷകർ ഏറ്റെടുത്തതിന് നന്ദി അറിയിച്ച് പൃഥ്വിരാജും രംഗത്തെത്തി. കല്യാണം കാണാനും കലക്കാനും വന്ന എല്ലാവർക്കും നന്ദിയെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇവർക്ക് ജോഡിയായി മലയാളി പ്രേക്ഷകരുടെ യുവതാര സുന്ദരിമാർ കൂടി എത്തിയപ്പോൾ ചിത്രം കളറായി. പ്രേക്ഷകരുടെ പ്രതീക്ഷകൾ ഒട്ടും കുറയാതെ തന്നെയാണ് വിപിൻ ദാസ് ചിത്രമൊരുക്കിയിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കോമഡി വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ഒരു കല്യാണം നടത്തുന്നതിനുള്ള തത്രപാടും തുടർന്നുണ്ടാകുന്ന കോലാഹലവുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കല്യാണം മുടക്കുന്നതിൽ ആരംഭിച്ച് കല്യാണം നടത്തുന്നത് വരെയുള്ള രസകരമായ മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്. ബേസിൽ-പൃഥ്വിരാജ് കോംബോ തകർത്ത് അഭിനയിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആടുജീവിതത്തിന് ശേഷം കോമഡി കഥാപാത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ഞെട്ടിച്ചെന്ന് പ്രേക്ഷകർ പറയുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.















