ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ഡൽഹി പൊലീസിന്റെ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘമാണ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളുടെ ഡിവിആർ റെക്കോർഡുകൾ ശേഖരിച്ചത്. ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമത്വം കാണിക്കുമെന്ന സ്വാതി മാലിവാളിന്റെ ആരോപണത്തെ തുടർന്നാണ് അന്വേഷണ സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തിയത്. ഡൽഹി നോർത്ത് അഡീഷണൽ ഡിസിപി, സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നേരത്തെ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.
ബൈഭവ് കുമാർ എട്ട് തവണ തന്നെ മർദ്ദിച്ചുവെന്ന് സ്വാതി മാലിവാളിക് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്നെ ക്രൂരമായി വലിച്ചിഴച്ചുവെന്നും നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ട് വന്നതോടെ മാലിവാളിന് മർദ്ദനമേറ്റന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുഖത്ത് ആന്തരിക മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മാലിവാളിന് നേരെ ആക്രമണം നടന്നതായി നേരത്തെ ആംആദ്മി പാർട്ടി നേതാക്കളും സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആയിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ കെജ്‌രിവാളിനൊപ്പമാണ് ബൈഭവ് കുമാറും ഉള്ളതെന്ന് കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായി. ഒരു വനിതാ എംപിയെ അപമാനിച്ച ആളെ കെജ്‌രിവാൾ സംരക്ഷിക്കുകയാണെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.















