ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭവ് ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം മാലിവാളിന്റെ ഇടത് കാലിനും വലത് കവിളിലും ചതവുളുണ്ടെന്നും ക്രൂര മർദ്ദനമേറ്റിട്ടുണ്ടെന്നും തെളിഞ്ഞു. ഡൽഹി എയിംസിലെ ജയ് പ്രകാശ് നാരായൺ അപെക്‌സ് ട്രോമ സെൻ്ററിലാണ് പരിശോധന നടന്നത്.
വലത് കണ്ണിന് താഴെയായാണ് ചതവുള്ളത്. മുഖത്ത് ആന്തരിക മുറിവുകളുണ്ടെന്നാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് അന്വേഷണ സംഘം. ബൈഭവ് കുമാർ തന്നെ എട്ട് തവണ മർദ്ദിച്ചതായും നിലവിളിച്ചപ്പോൾ നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയതായും സ്വാതി മാലിവാൾ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഈ മാസം 13-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിയിൽ എത്തിയപ്പോഴാണ് സ്വാതി മാലിവാളിന് ക്രൂര മർദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ബൈഭവ് അകാരണം അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്ന് മാലിവാളിന്റെ പരാതിയിൽ പറയുന്നു.
മാലിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി സെക്ഷൻ 354, 506, 509, 323 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.