എറണാകുളം: പൊരുമ്പാവൂരിൽ വിദ്യർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി തിങ്കളാഴ്ച. വധശിക്ഷയ്‌ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്. കൊച്ചിയിലെ വിചാരണ കോടതിയാണ് അമീറുൾ ഇസ്ലാമിനെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം തന്നെ വിധിയുണ്ടാകും. മാസങ്ങൾ നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് അമീറൂൾ ഇസ്ലാമിനെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയിൽ -പ്പീൽ നൽകിയത്.
താൻ പ്രതിയല്ലെന്നും തന്നെ പിടികൂടിയ ശേഷം പൊലീസ് തെളിവുണ്ടാക്കിയതാണെന്നും ആണ് അപ്പീലിൽ അമീറുൾ ഇസ്ലാമിന്റെ വാദം. മറ്റാരോ ചെയ്ത കൊലപാതകം തന്റെ തലയിൽ കെട്ടിവയ്‌ക്കാൻ നോക്കുന്നുവെന്നും കൊല്ലപ്പെട്ട പെൺകുട്ടിയെ യാതൊരു പരിചയവുമില്ലെന്നുമാണ് പ്രതി പറയുന്നത്.
2016-ലാണ് കേസിനാസ്പദമായ സംഭവം. നിയമവിദ്യാർത്ഥിയെ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലെ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് തമിഴ്‌നാട് അതിർത്തിയിൽ നിന്നും അമീറുൾ ഇസ്ലാമിനെ പിടികൂടുകയായിരുന്നു.
85 ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ അപൂർവ്വവും അതിക്രൂരവുമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.