തിരുവനന്തപുരം: ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന വളർച്ചയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ ഭാവിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശാസ്ത്രത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയുണ്ടാകുമ്പോൾ സാങ്കേതിക വിദ്യ അതിനനുസരിച്ച് വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പൂർണം 2024 പരിപാടിയിൽ യുവജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലഘട്ടത്തിൽ പുതിയ ആശയങ്ങൾ കണ്ടെത്തുന്നവരും അത് നടപ്പിലാക്കുന്നവരുമാണ് ലോകത്തെ ശക്തികേന്ദ്രങ്ങളായി മാറുന്നത്. മുൻപ് റഷ്യ, തുടങ്ങിയ വികസിത രാഷ്‌ട്രങ്ങൾക്ക് മാത്രമേ സാധിക്കുവെന്ന് കരുതിയിരുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ നടപ്പിലാക്കി കാണിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. പല സാങ്കേതിക വിദ്യകളും ചില രാജ്യങ്ങളുടെ കൈവശം മാത്രം ഒതുങ്ങി നിന്നതായിരുന്നു. നമ്മുടെ കൈകളിലിരിക്കുന്ന മൊബൈൽ ഫോണുകളിൽ ഭൂരിഭാഗവും വിദേശ നിർമ്മിതമാണ്. മൈക്രോപ്രൊസസ്സറുകളും ചിപ്പുകളൂം നിയന്തിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്ന് സ്വന്തമായി ചിപ്പ് നിർമ്മാണകമ്പനികൾ ആരംഭിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രയാനിലെ ഘടകങ്ങൾ പോലും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചുവെന്നുപറയുമ്പോൾ ലോക രാഷ്‌ട്രങ്ങൾ അതിശയിക്കുകയാണ്. ഇന്ത്യയെ മറ്റുള്ള രാജ്യങ്ങളുമായി കിടപിടിക്കാൻ പ്രാപ്‌തമാക്കുന്ന തലച്ചോറുള്ളവരാണ് ഇന്ത്യക്കാർ. ഇതാണ് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസവും. ബഹിരാകാശ രംഗത്തെ നിക്ഷേപമാണ് ഇന്ന് ഇന്ത്യക്ക് പലമേഖലകളിലും അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചത്. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക രംഗത്തെ ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്താൻ ചന്ദ്രയാനിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.