ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് കെനിയൻ താരം റോജേഴ്സ് ക്വെമോയിക്ക് വിലക്ക്. ആറ് വർഷത്തേക്കാണ് താരത്തെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് വിലക്കിയത്. പ്രകടനം മെച്ചപ്പെടുത്താനായി ബൂസ്റ്റർ ഡോസുകൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. അത്‌ലറ്റിക്‌സ് ബയോളജിക്കൽ പാസ്‌പോർട്ടിലെ( പ്രൊഫഷണൽ കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തുന്ന ഡിജിറ്റൽ ഉപകരണം) വൈരുദ്ധ്യങ്ങളാണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്താൻ സഹായിച്ചത്.
ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് 2016 ജൂലൈ 18 മുതൽ 2022 ഓഗസ്റ്റ് 8 വരെയുള്ള കാലയളവിലെ ക്വെമോയിയുടെ മെഡൽ നേട്ടങ്ങളും അംഗീകാരങ്ങളും തിരിച്ചെടുക്കാനും ഡേവിഡ് ഷാർപെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിച്ചു. വിചാരണയുടെ ഭാഗമായി 3,000 യു.എസ് ഡോളർ പിഴയീടാക്കാനും വിധിച്ചിട്ടുണ്ട്. 2029 വരെ വിലക്ക് നിലനിൽക്കും.
അണ്ടർ 20 ചാമ്പ്യയൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, കോസ്റ്റ് ഗെയിംസ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ക്വെമോയി മെഡൽ നേടിയിട്ടുണ്ട്. കുറ്റംതെളിഞ്ഞതോടെ ഇസ്താംബൂൾ മാരത്തണിലെ മെഡൽ ഉൾപ്പെടെ ക്വെമോയിക്ക് നഷ്ടമാകും.















