ഇസ്ലാമാബാദ്: പാകിസ്താനിൽ ഡെങ്കിപ്പനി ബാധിച്ച് 14 പേർ മരിച്ചു. പാകിസ്താനിലെ ടർബറ്റിൽ കെച്ച് ജില്ലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇതുവരെ 5,000-ത്തിലധികം പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. 24,552 പേരെ പരിശോധിച്ചതിൽ 5,329 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ടർബറ്റിലെ ഗ്രാമപ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയുമുള്ളത്. മരണസംഖ്യ വർദ്ധിച്ചിട്ടും ഡെങ്കിപ്പനി കേസുകൾ പെരുകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് അടിയന്തര സഹായങ്ങൾ പ്രഖ്യാപിക്കുകയോ രോഗികൾക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടില്ല.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർക്ക് യാതൊരു ചികിത്സയും ഉറപ്പ് വരുത്തുന്നില്ലെന്ന വ്യാപക പരാതിയും ഉയർന്നു. ഗ്വാദർ, പഞ്ച്ഗുർ ജില്ലകളിലും നിരവധി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















