മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയാൽ ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യം പുതിയൊരു ഭാരതത്തെ കണ്ടുവെന്നും അതിർത്തികൾ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ പാൽഘറിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.
എൻഡിഎ സർക്കാർ അധികാരമേറ്റതോടെ രാജ്യത്ത് നിന്ന് ഭീകരവാദവും വിഘടനവാദവും തുടച്ചുനീക്കപ്പെട്ടു. പാക് അധീന കശ്മീരിനെ സംരക്ഷിക്കാൻ പാകിസ്താന് സാധിക്കില്ല. പ്രധാനമന്ത്രി അധികാരമേറ്റ് ആറ് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഭാഗമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസിന്റെ ഭരണകാലത്ത് നമ്മുടെ രാജ്യത്ത് പാവപ്പെട്ടവർ പട്ടിണിയും ദാരിദ്രവും കാരണം പൊറുതിമുട്ടി. ഒരുപാട് പേർ മരണപ്പെട്ടു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ പാവപ്പെട്ടവർ പട്ടിണിയിൽ നിന്ന് കരകയറി. 80 കോടി ആളുകൾക്കാണ് മോദി സർക്കാർ സൗജന്യറേഷൻ നൽകുന്നത്. പാകിസ്താനിലെ പാവപ്പെട്ടവർ ഇന്ത്യയിലായിരുന്നെങ്കിൽ പട്ടിണി കിടന്ന് മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















