ആൽബം ഗാനങ്ങൾ എന്ന് പറയുമ്പോൾ മനസിലേക്ക് ഓടി വരുന്ന പാട്ടുകളിലെന്നാണ് ‘കുടജാദ്രിയിൽ’ എന്ന് തുടങ്ങുന്ന ഗാനം. സ്വർണലത ആലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഒട്ടും പുതുമ ചോരാതെ ഇന്നും ഇത് പ്ലേ ലിസ്റ്റിൽ സൂക്ഷിച്ചിട്ടുളളവർ നിരവധിയാണ്.
മോഹം എന്ന സംഗീത ആൽബത്തിന്റെ ഭാഗമായിരുന്നു കുടജാദ്രിയിൽ എന്ന ആ ഹിറ്റ് ഗാനം. ആലാപന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഈ പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസിൽ കയറിയ അഭിനേതാക്കളാണ് ജിയാൻ ഇറാനിയും മോനിഷയും. വനത്തിനുള്ളിൽ താമസിക്കുന്ന യുവാവിനോടുള്ള പ്രണയം ചിത്രീകരിക്കുന്ന പാട്ടിൽ ഇരുവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. കാട്ടിൽ ചിത്രങ്ങൾ പകർത്താൻ എത്തുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് മോനിഷ ആൽബത്തിലെത്തിയത്.
എന്നാൽ പാട്ട് വലിയ ഹിറ്റായിട്ടും ഇവരെ കുറിച്ച് പിന്നീട് ഒരു വിവരങ്ങളും ആരാധകർക്ക് അറിയാമായിരുന്നില്ല. അടുത്തിടെ ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. അഭിമുഖത്തിന്റെ ഭാഗങ്ങൾ റീലുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.
തന്നെ ഇപ്പോഴും പ്രേക്ഷകർ കാണുമ്പോൾ തിരിച്ചറിയുന്നുണ്ടെന്ന് ജിയാൻ ഇറാനി പറയുന്നു. ഞങ്ങളുടെ ടാർസൻ അല്ലെയെന്നാണ് ചോദിക്കുന്നത്. അവരുടെ ഉളളിലേക്ക് അത്രയ്്ക്ക് അത് സ്വാധീനിച്ചിട്ടുണ്ടെന്നാണ് അതിലൂടെ മനസിലാകുന്നതെന്നും ജിയാൻ പ്രതികരിക്കുന്നു. 18 വയസിലായിരുന്നു ആൽബത്തിൽ അഭിനയിച്ചതെന്ന് മോനിഷ പറഞ്ഞു. അഭിനയിക്കാൻ എത്തിയപ്പോൾ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മോനിഷ കൂട്ടിച്ചേർത്തു.
നിലവിൽ എറണാകുളം വൈറ്റിലയിലാണ് ജിയാൻ റിയാൻ ഉളളത്. അഭിനയം ഇപ്പോഴും കൈവിടാതെ ഒപ്പം ഉണ്ട്. സിനിമകളിൽ ഉൾപ്പെടെ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. എംഎ ബാബാജിയുടെ വരികളായിരുന്നു കുടജാദ്രിയിൽ എന്ന ഗാനം. ജബ്ബാർ കല്ലറയ്‌ക്കലിന്റേതായിരുന്നു സംഗീതം.