എഫ്സി ഗോവയും മുംബൈ സിറ്റിയും നൽകുന്ന കരാറിനും പണത്തിനും അപ്പുറമാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരുമെന്ന് തെളിയിച്ചിരിക്കുകയാണ് നായകൻ അഡ്രിയാൻ ലൂണ. ഇന്ന് ഉച്ചയോടെയാണ് ലൂണയുടെ കരാർ 2027 വരെ നീട്ടിയെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ മാനേജ്‌മെന്റ് അറിയിച്ചത്. പിന്നാലെയാണ് ലൂണ എഫ്സി ഗോവയുടെയും മുംബൈ സിറ്റിയുടെയും ഓഫർ നിരസിച്ചാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുന്നതെന്നാണ് റിപ്പോർട്ട്. മൂന്ന് വർഷത്തെ കരാറും ഉയർന്ന പ്രതിഫലവുമാണ് ഇരു ക്ലബ്ബുകളും ബ്ലാസ്റ്റേഴ്‌സ് നായകന് വാഗ്ദാനം ചെയ്തത്.
കൊമ്പന്മാർക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമാണ് ലൂണ. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. മിഡ്ഫീൽഡിലും അറ്റാക്കിലും വിംഗിലുമെല്ലാം തീർക്കുന്ന മായാജാലങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിൽ തങ്ങളുടെ പ്രിയപ്പെട്ട മജീഷ്യനെ ഇനിയും കാണാനാവുമെന്ന സന്തോഷത്തിലാണ് ആരാധകർ.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ മികച്ച രീതിയിൽ മുന്നോട്ടുനയിച്ചെങ്കിലും ഇടയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റ് താരം പുറത്തായിരുന്നു. ലൂണയെന്ന നായകന് കീഴിലാണ് ടീം നിലനിൽക്കുന്നതെന്ന് പിന്നീടുള്ള മത്സരങ്ങളിൽ ആരാധകരും തിരിച്ചറിഞ്ഞു.















