തായ്ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ സാത്വിക് സായ്രാജ് -ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ. ചൈനയുടെ ലു മിംഗ്-ചെ-ടാംഗ് കൈ വെയ് സഖ്യത്തെയാണ് സെമി ഫൈനലിൽ ഇന്ത്യൻ ജോഡികൾ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരങ്ങളുടെ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ജോഡികൾ 35 മിനിട്ടിൽ മത്സരം തീർത്തു. സ്‌കോർ 21-11, 21-12.
ഇന്ത്യൻ താരങ്ങൾക്ക് മത്സരത്തിന്റെ ഒരുഘട്ടത്തിൽ പോലും ചൈനീസ് താരങ്ങൾ വെല്ലുവിളിയുയർത്തിയില്ല. ഇന്ത്യൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ ചൈനീസ് താരങ്ങൾ അടിയറവ് പറയുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യൻ ജോഡികൾ ചൈനയുടെ തന്നെ ചെൻബോ യാംഗ്-ലിയു യി സഖ്യത്തെ നേരിടും. 2019-ൽ തായ്ലാൻഡിൽ വെച്ചാണ് സാത്വിക്-ചിരാഗ് സഖ്യം തങ്ങളുടെ ആദ്യ സൂപ്പർ 500 കിരീടം നേടിയത്.
സീസണിലെ നാലാം ഫൈനലിനാണ് സാത്വിക് – ചിരാഗ് സഖ്യം യോഗ്യത നേടിയത്. മാർച്ചിൽ ഫ്രഞ്ച് സൂപ്പർ 750 കീരിടത്തിൽ ഇരുവരും മുത്തമിട്ടിരുന്നു. മലേഷ്യ സൂപ്പർ 1000, ഇന്ത്യ സൂപ്പർ 750 എന്നിവയിൽ റണ്ണേഴ്‌സപ്പായിരുന്നു.















