ജനസംഖ്യയനുസരിച്ച് ഭാരതത്തിൽ ഒന്നാം സഥാനത്തും വിസ്തീർണമനുസരിച്ച് അഞ്ചാം സ്‌ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ലക്നൗ. കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലക്നൗ ഔധ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്.
വരുന്ന 2024 മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് ലോക്സഭാ മണ്ഡലമായ ലക്നൗവിന്റെ വിധിയെഴുത്ത്. ഒപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെയും. പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായി തുടരുന്ന ലക്നൗവിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും എംപിയാകാൻ ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അദ്ദേഹം ഏപ്രിൽ 29 നാണ് നാമ നിർദ്ദേശപത്രിക സമർപ്പിച്ചത്. 72 കാരനായ രാജ്‌നാഥ് സിംഗിനോട് എതിരിടാൻ 9 സ്‌ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിലും കൂടുതൽ വെല്ലുവിളിയുയർത്തുമെന്ന് കരുതപ്പെടുന്നത് എസ് പി ടിക്കറ്റിൽ മൂന്ന് തവണ മത്സരിച്ച് എംഎൽഎ ആയ ഇൻഡി സഖ്യത്തിന്റെ സ്‌ഥാനാർത്ഥി രവിദാസ് മെഹ്‌റോത്ര (69) യാണ്.

2014, 2019, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 54.27%, 56.7%, വോട്ടുകൾ നേടിയാണ് രാജ് നാഥ് സിംഗ് വിജയിച്ചത്. 2014 ൽ 2.72 ലക്ഷവും 2019 ൽ 3.47 ലക്ഷവും ഭൂരിപക്ഷം നേടിയ അദ്ദേഹത്തിന്റെ വിജയ മാർജിൻ അഞ്ച് വർഷത്തിനുള്ളിൽ 6% വർദ്ധിച്ചതായാണ് കാണാൻ കഴിയുന്നത്. 2014ലെ വിജയത്തിന് ശേഷം അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയും 2019ലെ വിജയത്തിന് ശേഷം പ്രതിരോധ മന്ത്രിയുമായി.

രാഷ്‌ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത് രാജ് നാഥ്‌സിങ്ങിന് സാധാരണക്കാർക്ക് പുറമേ മുസ്‌ലിംങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഷിയാകളിൽ നിന്ന്, മികച്ച പിന്തുണ ലഭിക്കുമെന്നാണ്. ഏപ്രിൽ 29 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം, ഷിയ പുരോഹിതൻ യാസൂബ് അബ്ബാസ് അദ്ദേഹത്തെ സന്ദർശിച്ച് സ്‌ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. മുസ്ലീങ്ങളുടെ പിന്തുണ രാജ് നാഥ്‌സിങ്ങിന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

മാത്രമല്ല ലക്നൗവിലെ ജനങ്ങൾ ജാതിക്കും മതത്തിനും അതീതമായി വോട്ട് ചെയ്തിട്ടുണ്ടെന്നാണ് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നത്. രാമജന്മഭൂമി പ്രസ്ഥാനം ഉച്ചസ്‌ഥായിയിൽ നിൽക്കുമ്പോഴും രാജ്യത്ത് വർഗീയ വിഭജനത്തിന്റെ മറ്റ് അവസരങ്ങളിലും പോലും ലഖ്‌നൗ ഹിന്ദു-മുസ്ലിം കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. 1991 മുതൽ ലക്നൗവിൽ നിന്ന് അഞ്ച് തവണ എംപിയായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വൈകാരിക പാരമ്പര്യം കൂടി ആ മണ്ഡലത്തിൽ പ്രതിധ്വനിക്കുന്നു. ഇത് രാജ്നാഥ് സിങ്ങിന് നൽകുന്ന മുൻതൂക്കം ചെറുതല്ല.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള രാജ്‌നാഥിന്റെ സമീപനവും അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കുന്നു. ലക്നൗ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അരഡസനിലധികം മേൽപ്പാലങ്ങളാണ് ഉയർന്നുവന്നത്. അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ, നഗരം ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിന്റെ കേന്ദ്രമായി മാറുകയും ലഖ്‌നൗ വിമാനത്താവളത്തോടൊപ്പം ഗോമതിനഗർ റെയിൽവേ സ്റ്റേഷനും നവീകരിക്കപ്പെടുകയും ചെയ്തു.
1991 മുതൽ ലക്നൗ ബി.ജെ.പി.യുടെ ആധിപത്യത്തിലാണ്. 1989-ൽ ലക്നൗവിൽ വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ജനതാദൾ ഒരിക്കൽ വിജയിച്ചതൊഴിച്ചാൽ എസ്.പി.യോ ബി.എസ്.പി.യോ ഈ മണ്ഡലത്തിൽ ഒരിക്കൽ പോലും വിജയം നേടിയിട്ടില്ല.
മഹ്‌റോത്രയെ കൂടാതെ ബിഎസ്‌പി സ്ഥാനാർത്ഥി മുഹമ്മദ് സർവാർ മാലിക് ആണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖൻ. 2022-ൽ ലക്നൗ നോർത്ത് അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച സർവാർ മാലിക്കിന് പക്ഷേ സെക്യൂരിറ്റി ഡെപ്പോസിറ്റ് പോലും കിട്ടിയില്ല . പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഷഹീൻ ബാനോ മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി ഷുഷ്മ ഖരക്വാളിനോട് പരാജയപ്പെടുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്‌നാഥ് സിംഗിനോട് ഏറ്റുമുട്ടുന്ന മറ്റ് ഏഴ് സ്ഥാനാർത്ഥികൾ സ്വതന്ത്രരും പ്രാദേശിക പാർട്ടികളിൽ നിന്നുള്ളവരും ബലഹീനരുമാണ്.ഇങ്ങനെ നോക്കുമ്പോൾ മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെയാണ് രാജ്‌നാഥ് സിംഗ്.
എഴുതിയത്
ഋഷി ദേവ് വി.ആർ















