ലക്നൗ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്കായി സരയൂനദിയിലെ പുണ്യജലം അയച്ച് അയോദ്ധ്യ രാമക്ഷേത്രം . നുവാര ഏലിയയിലെ അശോക് വനം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്നാണ് നടക്കുക . സീതാദേവിയെ രാക്ഷസ രാജാവായ രാവണൻ തടവിലാക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം .
സീതാദേവി ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് രാമക്ഷേത്ര ട്രസ്റ്റും അയോദ്ധ്യ ജില്ലാ ഭരണകൂടവും സംയുക്തമായി സരയൂവിലെ പുണ്യ ജലവും മറ്റ് സമ്മാനങ്ങളും അയക്കാനുള്ള തീരുമാനമെടുത്തത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്റെ ആശംസയും അറിയിച്ചു . ശ്രീലങ്കയിലെ ക്ഷേത്രത്തിലേക്ക് സരയൂജലം കൃത്യസമയത്ത് എത്തിക്കുന്നത് ഉറപ്പാക്കാൻ അയോദ്ധ്യയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാം മന്ദിർ ട്രസ്റ്റിനെയും ഉത്തർപ്രദേശ് സർക്കാരിനെയും പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘം മെയ് 15 നാണ് ശ്രീലങ്കയിലെത്തിയത് . സരയൂവിലെ ജലത്തിനൊപ്പം അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹം കൊത്തിയെടുക്കാൻ ഉപയോഗിച്ച കല്ലിന്റെ ഭാഗം , ശ്രീരാമൻ, സീത, ലക്ഷ്മൺ , ഹനുമാൻ എന്നിവരുടെ ചിത്രങ്ങൾ, സീതാദേവിയ്‌ക്കായി പ്രത്യേകം കൈകൊണ്ട് നെയ്ത സിൽക്ക് സാരി, പ്രത്യേകം നെയ്ത മൂന്ന് പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ , ചെറിയ പ്രസാദ പായ്‌ക്കറ്റുകൾ, തിരുപ്പതിയിൽ നിന്നുള്ള 5,000 ലഡ്ഡു എന്നിവയും ശ്രീലങ്കൻ ക്ഷേത്രത്തിലേയ്‌ക്ക് അയോദ്ധ്യയിൽ നിന്ന് നൽകിയിട്ടുണ്ട്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകൾ അടങ്ങിയ 40 സ്റ്റീൽ പെട്ടികളും പ്രതിനിധി സംഘം കൊണ്ടുവന്നിട്ടുണ്ട്. ഗംഗ, സരയൂ എന്നിവയിൽ നിന്നുള്ള പുണ്യജലം പിച്ചള കുംഭകലശങ്ങളിലാക്കിയാണ് എത്തിച്ചിരിക്കുന്നത് .ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വേളയിൽ, ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.















