തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. മലയോര മേഖലയിലേക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലെർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയും മറ്റന്നാളുമാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.