ബെംഗളൂരു: ഐസ്‌ക്രീം വിപണിയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ കർണാടകയിലെ നാച്വറൽ ഐസ്‌ക്രീം കമ്പനി സ്ഥാപകൻ രഘുനന്ദൻ കമ്മത്തിന് അന്ത്യാഞ്ജലി. അസുഖബാധിതനായി ചികിത്സയിലായിരുന്ന രഘുനന്ദൻ വെളളിയാഴ്ച രാത്രിയാണ് അന്തരിച്ചത്.
75 വയസായിരുന്നു. മംഗലൂരു സ്വദേശിയായ രഘുനന്ദൻ പഴവിൽപ്പനക്കാരനായ പിതാവിനെ സഹായിച്ചുകൊണ്ടായിരുന്നു ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തന്റെ 14-ാമത്തെ വയസിൽ തന്നെ ഐസ്‌ക്രീം നിർമിക്കാനും കമ്പനി തുടങ്ങാനുമുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു.
ഐസ്‌ക്രീം നിർമിക്കണം, അത് വിൽക്കണം, വലിയ ബിസിനസ് സംരംഭം തുടങ്ങണം ഇതായിരുന്നു സ്വപ്നങ്ങൾ. 1984-ലാണ് രഘുനന്ദൻ തന്റെ ആദ്യ ഐസ്‌ക്രീം കമ്പനിയ്‌ക്ക് രൂപം നൽകിയത്. വെറും ആറ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ഐസ്‌ക്രീം പാർലർ തുറന്നു. ആദ്യ നാളുകളിൽ 12 ഫ്‌ലേവറുകൾ മാത്രമായിരുന്നു കമ്പനി നിർമിച്ചിരുന്നത്.
1994-ൽ അഞ്ച് പാർലറുകൾക്ക് കൂടി അദ്ദേഹം തുടക്കമിട്ടു. ഇന്ന് 15 നഗരങ്ങളിലായി 165-ലധികം പാർലറുകളാണുള്ളത്. 400 കോടി രൂപയാണ് കമ്പനിയുടെ ഇന്നത്തെ ആസ്തി. രഘുനന്ദന്റെ വിയോഗത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജീവിതം എല്ലാ സംരംഭകർക്കും പ്രചോദനമാണെന്ന് കർണാടക ബിജെപി സെക്രട്ടറി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പറഞ്ഞു.















