ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി എംപി സ്വാതി മാലിവാൾ. കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇതുവരെ യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല. നിർഭയയ്‌ക്ക് നീതി നേടിക്കൊടുക്കാൻ സമരം ചെയ്ത അതേപാർട്ടിയാണ് ഇപ്പോൾ ഒരു സ്ത്രീയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നത് മാലിവാൾ തുറന്നടിച്ചു.
“നിർഭയക്ക് നീതി നേടിക്കൊടുക്കാൻ നമ്മളെല്ലാം ഒരുമിച്ച് തെരുവിലേക്ക് ഇറങ്ങിയ ഒരു ദിവസമുണ്ടായിരുന്നു. എന്നാൽ ഇന്ന് ,12 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെടാനായി സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമത്വം കാട്ടുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത ഒരു പ്രതിയെ രക്ഷിക്കാനായി പ്രതിഷേധിക്കുന്നു, ” മാലിവാൾ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
കേസിൽ ഡൽഹി പോലീസിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ച് ബിജെപി പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ആം ആദ്മി ബിജെപി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെയാണ് മാലിവാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ചാണ് ആം ആദ്മി എംപി സ്വാതി കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ചത്. മാലിവാളിന് ക്രൂര മർദ്ദനമേറ്റതായുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു.















