ലക്നൗ: ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പാണ് നാളെ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവരും കോൺഗ്രസ് നേതാവ് രാഹുലും ജനവിധി തേടുന്ന മണ്ഡലങ്ങളിലും വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്.
ലക്നൗവിൽ നിന്ന് എൻഡിഎയ്‌ക്ക് വേണ്ടി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും അമേഠിയിൽ നിന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ജനവിധി തേടും. മോഹൻലാൽഗഞ്ചിൽ നിന്ന് കൗശൽ കിഷോറാണ് എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. അമേഠിയിൽ സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ എൽ ശർമയാണ് മത്സര രംഗത്തുള്ളത്.
ലക്നൗവിൽ നിന്ന് നാലാം തവണയാണ് രാജ്നാഥ് സിംഗ് ജനവിധി തേടുന്നത്. ലഖ്‌നൗ സെൻട്രലിൽ നിന്നുള്ള എംഎൽഎ രവിദാസ് മെഹ്‌റോത്രയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
രാഹുൽ ഗാന്ധി അമേഠി വിട്ട് ഇത്തവണ റായ്ബറേലിയിൽ നിന്നാണ് ജനവിധി തേടുന്നത്. അയോദ്ധ്യാ നഗരം ഉൾപ്പെട്ട ഫൈസാബാദിൽ നിന്ന് ബിജെപി സിറ്റിംഗ് എംപി ലല്ലു സിംഗും മത്സരിക്കുന്നുണ്ട്. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഈ മണ്ഡലങ്ങൾ സാക്ഷ്യം വഹിച്ചത്. അമേഠിയും റായ്ബറേലിയും ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അമേഠിയിൽ രാഹുൽ വീണ്ടും ജനവിധി തേടാനെത്തുമെന്നായിരുന്നു കോൺഗ്രസ് ആദ്യം വ്യക്തമാക്കിയത്. എന്നാൽ അവസാന നിമിഷം റായ്ബറേലിയിലേക്ക് ചുവടുമാറുകയായിരുന്നു.
2.68 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുള്ളത്. മോഹൻലാൽഗഞ്ച്, റായ്ബറേലി, അമേഠി, ജലൗൺ , ഝാൻസി, ഹമീർപൂർ, ബന്ദ, ഫത്തേപൂർ, കൗശാംബി, ബരാബങ്കി, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നീ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.