തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണം. സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യമാണ് തായ്ലൻഡ് ഓപ്പണിൽ സ്വർണം നേടിയത്. ചെെനയുടെ ചെൻബോ യാംഗ്-ലിയു ലി സഖ്യത്തെയാണ് ഇന്ത്യൻ ജോഡികൾ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരങ്ങളുടെ ജയം. സ്കോർ 21-15, 21-15. ഈ സീസണിലെ ഇരുവരുടെയും രണ്ടാം കിരീടനേട്ടമാണ്.
മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ 5-1 ന് മുന്നിട്ട് നിന്നെങ്കിലും ചെെനീസ് താരങ്ങൾ 7-7ന് ഒപ്പമെത്തി. ആക്രമിച്ച് കളിച്ച ഇന്ത്യൻ താരങ്ങൾ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും ജയം സ്വന്തമാക്കുകയായിരുന്നു.
തായ്ലൻഡ് ഓപ്പൺ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതാണ് . ഞങ്ങളുടെ ആദ്യ 500 സൂപ്പർ കിരീടം നേടിയത് 2019-ൽ ഇവിടെ വച്ചാണ്. നിരവധി കിരീടങ്ങൾ അതിന് ശേഷം സ്വന്തമാക്കി. ഈ നേട്ടം ഞങ്ങളെ വീണ്ടും കിരീടങ്ങൾ നേടാൻ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സാത്വിക് പറഞ്ഞു.
ഈ സീസണിലെ നാലാം ഫെെനലിനാണ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ ഇന്നിറങ്ങിയത്. മാർച്ചിൽ ഫ്രഞ്ച് ഓപ്പൺ നേടിയതിന് പുറമെ മലേഷ്യ സൂപ്പർ 1000, ഇന്ത്യ സൂപ്പർ 750 എന്നിവയിൽ റണ്ണേഴ്സപ്പായിരുന്നു.