മലയാള സിനിമാ ലോകത്ത് ഇന്ന് റീ റിലീസിന്റെ കാലമാണ്. മോഹൻലാലിന്റെ 64-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് നാളെ ഒമ്പത് ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. മോഹൻലാൽ നായകനായി ഹിറ്റ് പട്ടികയിൽ ഇടംനേടിയ സിനിമകളാണ് റീ റിലീസിനൊരുങ്ങുന്നത്.
ഒരു കാലത്ത് പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ ചിത്രങ്ങളാണ് വീണ്ടും എത്തുന്നത്. ഏയ് ഓട്ടോ, ഇരുവർ, ചന്ദ്രലേഖ, ആറാം തമ്പുരാൻ, ഹിസ് ഹൈനസ് അബ്ദുല്ല, നരസിംഹം, ഭ്രമരം, തേന്മാവിൻ കൊമ്പത്ത്, തൂവാനത്തുമ്പികൾ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ഏരീസ് പ്ലസ് സിനിമാസിലൂടെയാണ് ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്.
20,21,22 എന്നീ തീയതികളിലാണ് പ്രദർശനം നടക്കുക. ഏയ് ഓട്ടോ, ഇരുവർ, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് നാളെ പ്രദർശനത്തിനെത്തുന്നത്. തൂവാനത്തുമ്പികൾ, നരസിംഹം, ആറാം തമ്പുരാൻ എന്നീ സിനിമകൾ 21-ന് എത്തും. ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ 22-നായിരിക്കും റീ റിലീസ് ചെയ്യുക.
‘ലാലേട്ടൻ മൂവീ ഫെസ്റ്റിവൽ’ എന്ന പേരിലാണ് ചിത്രങ്ങൾ റീ റിലീസിനെത്തുന്നത്. രാവിലെ 11.30, ഉച്ചയ്‌ക്ക് 2.30, വൈകിട്ട് 6.30 എന്നിങ്ങനെയാണ് പ്രദർശനം സമയം.















