മലയാളികളുടെ മനസുതൊട്ട സിനിമയായിരുന്നു 2004-ൽ പുറത്തിറങ്ങിയ കാഴ്ച. ബ്ലെസി എന്ന അതുല്യ സംവിധായകനെ മലയാള ചലച്ചിത്ര മേഖലയ്‌ക്ക് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു കാഴ്ച. ചിത്രത്തിലെ മാധവൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിന്റെ മഹാനടനെ വച്ച് തുടക്കം ഗംഭീരമാക്കിയ ബ്ലെസിയുടെ ജൈത്ര യാത്ര മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ ആടു ജീവിതത്തിൽ വന്ന് നിൽക്കുന്നു.
ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പം തുടക്ക കാലത്ത് പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കാഴ്ചയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചുണ്ടായ അനുഭവം ബ്ലെസി തുറന്നു പറഞ്ഞത്. ഷൂട്ടിംഗിനിടെ മമ്മൂട്ടി അസ്വസ്ഥനായ സംഭവവും അദ്ദേഹത്തോട് പറയേണ്ടി വന്ന മറുപടിയുമാണ് ബ്ലെസി ഓർത്തെടുത്തത്.
“മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മൂന്ന് സിനിമകൾ വച്ച് ഞാൻ ചെയ്തിട്ടുണ്ട്. രണ്ട് പേരുടെയും സ്വഭാവവും മറ്റുള്ളവരോട് പെരുമാറുന്ന രീതിയുമെല്ലാം രണ്ട് തരത്തിലാണ്. രണ്ട് പേരുടെയും അഭിനയ രീതികളും വ്യത്യസ്തമാണ്. ഒരു തുടക്കകാരനെന്ന നിലയ്‌ക്ക് മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യുന്ന സമയം വലിയ ജനക്കൂട്ടം വരുമ്പോഴെല്ലാം അദ്ദേഹം ഒരുപാട് അസ്വസ്ഥനാകാറുണ്ടായിരുന്നു. ഒരുപാട് ബഹളമെല്ലാം കേൾക്കുമ്പോൾ അദ്ദേഹം അസ്വസ്ഥനാകും”.
ഒരു ദിവസം ഷൂട്ടിംഗ് നടക്കുന്നതിനിടെ മമ്മൂക്ക പറഞ്ഞു, “നീ എന്താ വിചാരിച്ചേ..ഞാൻ മമ്മൂട്ടിയാണ്, മാധവനല്ല”. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, “മമ്മൂട്ടിയാണെന്ന് വിചാരിച്ചോണ്ട് എനിക്ക് സിനിമ ചെയ്യാൻ പറ്റില്ല. മാധവനായിട്ടേ എനിക്ക് കാണാൻ കഴിയൂ”. അതാണ് എനിക്ക് മമ്മൂക്കായുമായുള്ള ഒരു ബന്ധം. ആദ്യ സിനിമയിൽ അദ്ദേഹത്തോട് അങ്ങനെ പറയാൻ എനിക്ക് എവിടുന്ന് ധൈര്യം വന്നുവെന്ന് അറിയില്ല. നല്ല സ്നേഹ ബന്ധമായതുകൊണ്ട് അദ്ദേഹം അത് കൃത്യമായി മനസിലാക്കി”- ബ്ലെസി പറഞ്ഞു.