വീണ്ടും അവിശ്വസനീയമായ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ ജീവികളുടെ ഫോസിലുകൾ ദീർഘ നാളത്തെ ശ്രമഫലമായി ശാസ്ത്രജ്ഞർ കണ്ടെടുക്കാറുണ്ട്. അത്തരത്തിലൊരു കണ്ടുപിടുത്തത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ.
നക്ഷത്ര മത്സ്യത്തിന് സമാന രൂപമുള്ള 155 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ജീവിയെയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. നക്ഷത്ര മത്സ്യത്തെപ്പോലെ ഈ ജീവിയ്‌ക്ക് ആറ് കൈകളുണ്ടെന്നും ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജർമ്മനിയിലെ ഒരു ചുണ്ണാമ്പുകല്ല് നിക്ഷേപത്തിൽ നിന്ന് 2018-ലാണ് ഫോസിൽ കുഴിച്ചെടുത്തത്. അത് പവിഴപ്പുറ്റുകൾ നിറഞ്ഞ ആഴത്തിലുള്ള തടാകമായിരുന്നു.
ഒഫിയാക്റ്റിസ് ഹെക്‌സ് എന്നാണ് കണ്ടെത്തിയ ജീവിയുടെ ഫോസിലിന് പേരിട്ടിരിക്കുന്നത്. സ്വന്തം ശരീര ഭാഗങ്ങൾ തകർത്ത് വീണ്ടും വളരാനുള്ള ജനിതകപരമായ കഴിവുകൾ ഇവയ്‌ക്കുണ്ട്. ഇങ്ങനെ സന്താനങ്ങളെ ഉത്പാദിപ്പിക്കാനും ഇവയ്‌ക്ക് സാധിക്കും. ഈ പ്രക്രിയയെ ഫിസിപാരിറ്റി എന്ന് വിളിക്കുന്നു.
ക്ലോണൽ വിഘടനത്തിന്റെ ജീവശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും മനസിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ പ്രതിഭാസത്തിന്റെ പരിണാമത്തെക്കുറിച്ചും ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും ഫലത്തിൽ യാതൊന്നും അറിയില്ല.















