അനന്തനാഗ് : ജമ്മുകാശ്മീരിലേക്ക് ഭീകരവാദം കടത്തി വിടുന്ന പാകിസ്താന്റെ നീക്കങ്ങളെ അപലപിച്ച് മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്.
അനന്ത്‌നാഗിൽ ഭീകരാക്രമണത്തിൽ മുൻ ബിജെപി സർപഞ്ച് കൊല്ലപ്പെട്ട ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം ജമ്മുകശ്മീരിൽ സമാധാന അന്തരീക്ഷം പുലരുന്നതിൽ പാകിസ്താൻ ഒരിക്കലും സന്തോഷിക്കില്ലെന്നും പറഞ്ഞു. മേഖലയിലെ തീവ്രവാദം ഇതിനകം തന്നെ ജമ്മു കശ്മീരിനെ 50 വർഷം പിന്നിലേക്ക് തള്ളിവിട്ടെന്നും ഇത് ഒരിക്കലും നല്ലതല്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.സ്വന്തം പ്രശ്നങ്ങൾ പരിശോധിക്കാൻ അദ്ദേഹം അയൽരാജ്യത്തെ ഉപദേശിച്ചു.
“തീവ്രവാദി ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ഈ തീവ്രവാദം രാജ്യത്തെയാകെ നശിപ്പിച്ചു, ജമ്മു കശ്മീരിനെ 50 വർഷം പിന്നിലേക്ക് തള്ളിവിട്ടു. സംസ്ഥാനത്തെ ജനങ്ങൾ മുന്നോട്ട് പോകുകയായിരുന്നു, വിനോദസഞ്ചാരികൾ വരുന്നു, അത് ജനങ്ങൾക്ക് ഗുണം ചെയ്തു. തീവ്രവാദം നല്ലതല്ല. ഇവിടെ കാര്യങ്ങൾ നന്നായി നടക്കുകയും വിനോദസഞ്ചാരികൾ ധാരാളമായി വരികയും ചെയ്താൽ പാകിസ്താന് ഒരിക്കലും സുഖം തോന്നില്ല,സ്വന്തം കാര്യങ്ങൾ നോക്കി ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ പാകിസ്താനോട് ഞാൻ അഭ്യർത്ഥിക്കുന്നു , ” ഗുലാം നബി ആസാദ് പറഞ്ഞു. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ വിയോഗത്തിലും ആസാദ് അനുശോചനം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്ത്നാഗ് ജില്ലകളിൽ ഭീകരർ നടത്തിയ വെടിവയ്പിൽ മുൻ ബിജെപി സർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖ് കൊല്ലപ്പെടുകയും ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ യന്നാർ മേഖലയിലാണ് ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. അനന്ത്‌നാഗിലെ യന്നാറിൽ വച്ച് ജയ്‌പൂർ സ്വദേശിനിയായ ഫർഹ എന്ന സ്ത്രീക്കും അവരുടെ ഭാര്യ തബ്രേസിനും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു . പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ദമ്പതികളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.















