ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ് നടക്കുന്നത്.
രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്‌ഡ് നടക്കുന്നത്. മാർച്ച് 3 നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ഏപ്രിൽ 12 ന് കേസിലെ മുഖ്യപ്രതി അബ്ദുൽ മതീൻ അഹമ്മദ് താഹയുൾപ്പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് 1 ന് ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് കാരണമായ ഇമ്പ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ( ഐഇഡി) കഫേയിൽ സ്ഥാപിച്ചത് പിടിയിലായ മുഖ്യപ്രതികൾ ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.















