ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ് ബൈഭവിനെ മുംബൈയിൽ എത്തിച്ചത്. തെളിവുകൾ നശിപ്പിക്കാൻ ബൈഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്ത സ്ഥലത്തേക്ക് ഇയാളെ കൊണ്ട് പോകുമെന്ന് ഡൽഹി പൊലീസ് തീസ് ഹസാരി കോടതിയിൽ നേരത്തെ സൂചിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണോ ഫോൺ ഫോർമാറ്റിങ് നടത്തിയതെന്ന് കണ്ടെത്താനാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈഭവിന്റെ പൊലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. അതുകൊണ്ട് തന്നെ ഡൽഹി പൊലീസ് പ്രതിക്കായി റിമാൻഡ് കാലാവധി നീട്ടി ചോദിക്കാനാണ് സാധ്യത. അതേ സമയം കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. നോർത്ത് ഡൽഹി അഡീഷണൽ പൊലീസ് കമ്മീഷണർ അഞ്ജിത ചെപാല്യയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്.
ആഴ്ചകൾക്ക് മുൻപാണ് ആം ആദ്മി എംപി സ്വാതി മാലിവാളിനെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയിൽ വച്ച് കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിക്കുന്നത്. ആക്രമണത്തിൽ മാലിവാളിന് പരിക്കുകൾ ഉള്ളതായുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു. തുടർന്ന് മാലിവാളിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ബൈഭവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരെ ഇയാളെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.















