കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിലെ കുടുംബവഴക്ക് കലാശിച്ചത് ആശുപത്രിയിൽ. ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനൽ വഴി പുറത്തേക്ക് ചാടി. കാലൊടിഞ്ഞ ഭർത്താവിനെ ഭാര്യ തന്നെ ആശുപത്രിയിലുമെത്തിച്ചു. കോട്ടയത്തെ നാട്ടകത്തിന് അടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിലാണ് ദമ്പതികൾ വാക്കു തർക്കത്തിലേർപ്പെട്ടതും യുവാവ് പുറത്തേക്ക് ചാടിയതും.
തിങ്കളാഴ്ച വൈകീട്ട് 4.30 നായിരുന്നു സംഭവം. ബസ് ചങ്ങനാശ്ശേരി എത്തിയപ്പോൾ മുതൽ ഇവർ തമ്മിൽ തർക്കം ആരംഭിച്ചതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറയുന്നു. തുടർന്ന് യുവാവ് കണ്ടക്ടറിനോട് ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിൽ ഇറക്കാമെന്ന് കണ്ടക്ടർ പറഞ്ഞതോടെ ഇയാൾ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തി. റോഡിൽ വീണ് കാലൊടിഞ്ഞ വൈക്കം ഇടയാഴം സ്വദേശിയെ ഭാര്യ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലും എത്തിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇടതുകാലിനാണ് ഒടിവ് സംഭവിച്ചിരിക്കുന്നത്. ബസിനുള്ളിൽ നിന്ന് ചാടിയുണ്ടായ അപകടമായതിനാൽ പ്രാഥമിക വിവരശേഖരണം നടത്തുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ഗാന്ധി നഗർ പൊലീസ് പറഞ്ഞു.