ഒരു പക്ഷി തൂവലൊക്കെ എന്ത് എന്ന് കരുതുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ സ്വർണത്തേക്കാൾ വിലയുള്ള തൂവൽ ലേലം വിളിച്ച വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
വംശനാശം സംഭവിച്ച ഹ്യുയ എന്ന പക്ഷിയുടെ ഒരു തൂവൽ വിറ്റുപോയത് 46,000 ഡോളറോളം തുകയ്ക്കാണ്. അതായത്, 38,75,541.23 രൂപ..! ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ തൂവലായി ഇത് മാറി. കേവലം ഒൻപത് ഗ്രാം ഭാരം മാത്രമാണ് ഈ തൂവലിനുള്ളത്.
മതിപ്പ് വിലയായി രണ്ട് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ റെക്കോർഡ് വിലയ്ക്കാണ് തൂവൽ വിറ്റുപോയത്. ന്യൂസിലാൻഡിലെ ഓക്ലാന്റിലുള്ള വെബ്സ് ഓക്ഷൻ ഹൗസായിരുന്നു ഹുയ തൂവൽ ലേലം നടന്നത്. 2010-ൽ വിറ്റു പോയ ഹ്യുയ പക്ഷിയുടെ തൂവലായിരുന്നു ലോകത്തെ ഏറ്റവും വിലയേറിയ റെക്കോർഡ് നേടിയത്. ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തകർന്നത്.
ന്യൂസിലൻഡിൽ മാത്രം കണ്ടുവരുന്ന പക്ഷി ആയിരുന്നു ഹ്യുയ. 1907-ലാണ് ഹ്യുയ പക്ഷിയെ അവസാനമായി കണ്ടത്. അതായത് 100 വർഷത്തിലേറെ പഴക്കമുള്ള തൂവലാണ് റെക്കോർഡ് വിലയിൽ ലേലം ചെയ്തത്. വാട്ടിൽബോർഡ് ഇനത്തിൽപെട്ട ഇവയുടെ പാട്ടുകൾ പാടുന്നതിൽ മികവ് പുലർത്തിയിരുന്നു.
1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഒരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നത്. യൂറേപ്യൻ അധിനിവേശത്തിന് ശേഷമാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത്. നീളമേറിയ തൂവലുകളാണ് ഇവയുടെ ജീവന് തന്നെ ഭീഷണിയായത്.