ന്യൂഡൽഹി : മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്താണ് സ്വീകരിച്ചിരുന്നതെന്ന് ജെ പി നദ്ദ വിമർശിച്ചു. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ധൈര്യം കാണിച്ചുവെന്നും, തീവ്രവാദികളുടെ അടിവേരറുത്ത് കൊണ്ടും, വികസനത്തിൽ മാത്രം ലക്ഷ്യം വച്ചുമാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും നദ്ദ ചൂണ്ടിക്കാണിച്ചു.
ഡൽഹിയിലെ പിതാംപുരയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഭീകരരെ സ്വീകരിച്ചിരുത്തി, ബിരിയാണി നൽകി നൽകുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള ധൈര്യം കാണിച്ചു. സുപ്രധാനവും ചരിത്രപരവുമായ തീരുമാനമായിരുന്നു അത്. കശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടമായി ഇന്ന് മാറിയിരിക്കുകയാണ്,
കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റം എൻഡിഎ സർക്കാരിന്റെ പ്രവർത്തനം കൊണ്ട് സാധ്യമായ കാര്യമാണ്. അമേരിക്കയും ചൈനയും സാമ്പത്തിക രംഗത്ത് മെച്ചമില്ലാതെ തുടർന്നപ്പോഴും ഇന്ത്യ മുന്നോട്ട് തന്നെ കുതിക്കുകയായിരുന്നു. മറ്റ് പല രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നതായിരുന്നു ഈ മുന്നേറ്റം. കൊറോണ മഹാമാരി, റഷ്യ-യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ രാജ്യം മികച്ച രീതിയിൽ നേരിട്ടു. പ്രധാനമന്ത്രിയുടെ കൃത്യമായ കാഴ്‌ച്ചപ്പാട് കൊണ്ടാണ് ഇത് സാധ്യമായത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി ഉയർന്നു.
സാധാരണക്കാരായ ജനങ്ങളാണ് പ്രധാനമന്ത്രിയുടെ പദ്ധതികൾ കൊണ്ട് ശാക്തീകരിക്കപ്പെട്ടത്. വികസനം എന്നത് എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു. ഡൽഹിയിലെ ആം ആദ്മി സർക്കാർ ദേശവിരുദ്ധ ശക്തികളോടൊപ്പമാണ് ചേർന്ന് നിൽക്കുന്നത്. അവർ തീവ്രവാദികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നതിന്റെ തെളിവുകൾ പുറത്ത് വരുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ഇക്കൂട്ടർ. രാജ്യം നശിക്കണമെന്നും, വികസനം ഇല്ലാതാകണമെന്നുമാണ് ഇവർ ആഗ്രഹിക്കുന്നത്. സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ തെളിവുകൾ ചോദിച്ചത് പോലും കൃത്യമായ അജണ്ടയോടെയാണെന്നും” നദ്ദ ആരോപിച്ചു.















