മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ ഒസ്കാർ അടക്കം നിരവധി അന്തർദേശീയ- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്ത്യക്ക് പുറത്തും അലയടിക്കുന്നു. സംഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന റഹ്മാന് ലഭിച്ച പുരസ്കാരങ്ങൾ എണ്ണിയാൽ പോലും തീരില്ല. ഇപ്പോഴിതാ, തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഒരു ഫിലിം കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്മാൻ.
അമ്മ കരീമ ബീഗമാണ് തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം സൂക്ഷിച്ചിരുന്നതെന്ന് എ.ആർ റഹ്മാൻ പറയുന്നു. അവാർഡുകൾ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി തൂവാലയിൽ പൊതിഞ്ഞാണ് അമ്മ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അമ്മയുടെ മരണശേഷം തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം വീട്ടിൽ നിന്നും മാറ്റിയെന്നും റഹ്മാൻ പറഞ്ഞു.
“ദുബായിലെ വീട്ടിലാണ് എനിക്ക് ലഭിച്ച അന്താരാഷ്ട്ര അവാർഡുകളെല്ലാം സൂക്ഷിച്ചിരുന്നത്. അതും തൂവാലയിൽ പൊതിഞ്ഞ്. എനിക്ക് ലഭിച്ച അവാർഡുകളെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതാണെന്ന് വിചാരിച്ചാണ് അമ്മ തൂവാലയിൽ പൊതിഞ്ഞ് സൂക്ഷിച്ചത്. അമ്മ മരിച്ചതിന് ശേഷം മുറിയിൽ ഉണ്ടായിരുന്ന പുരസ്കാരങ്ങളെല്ലാം എടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിൽ കൊടുത്തു. ഇന്നത് ഫിർദൗസ് സ്റ്റുഡിയോയിലെ ഷോകേസിലിരിക്കുന്നു”- റഹ്മാൻ പറഞ്ഞു.