പാലക്കാട്: പാലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു കൂട്ടിലാക്കി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ആർആർടി സംഘമെത്തി പുലിയെ മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റുകയായിരുന്നു.
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലർച്ചയോടെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. നാല് വയസ്സുള്ള പെൺപുലിയാണ് കമ്പിവേലിയിൽ കുടിങ്ങിയത്. രാവിലെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. നിരവധി നാട്ടുകാർ പുലി കുടുങ്ങിയതറിഞ്ഞ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
വനംവകുപ്പ് വെറ്ററിനറി സർജൻ ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്. നിരീക്ഷണത്തിന് ശേഷം പുലിയെ പറമ്പികുളത്തേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.















