തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അംഗവും നിലവിലെ സെനറ്റ് അംഗവുമായ ഡോ. എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
ചട്ടം അനുസരിച്ച് അസിസ്റ്റൻ്റ് പ്രൊഫസറായി 12 വർഷത്തെ സർവീസ് പൂർത്തിയാക്കായാൽ മാത്രമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. എന്നാൽ ഡോ. എസ്. നസീബിന് സംസ്‌കൃത സർവകലാശാലയിൽ അസോ. പ്രൊഫസറായി ഒന്നര വർഷത്തെ പരിചയം മാത്രമാണുള്ളത്. 1997-18 കാലത്ത് താത്കാലിക നിയമനത്തിലൂടെ ലഭിച്ചതാണിത്. ഈ പരിചയമാണ് 26 വർഷങ്ങൾക്കിപ്പുറം സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്നത്.
അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യ ശമ്പളത്തിലുള്ള താത്കാലിക നിയമനങ്ങളെ അസോ. പ്രൊഫസർ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂ. ഡോ. നസീബിന് ഈ ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് പുറമേ യുജിസി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപായി യൂണിവേഴ്‌സിറ്റിയുടെ ഐക്യൂഎസി (ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ) ഡയറക്ടർ അംഗീകരിക്കണം.
നിലവിലുണ്ടായിരുന്ന ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പുവയ്‌ക്കാൻ വിസമ്മതിച്ചിട്ടുണ്ട്. ഡയറക്ടർ വിരമിച്ചതോടെ ഡയറക്ടറുടെ താത്കാലിക ചുമതല നല്കിയിട്ടുള്ള പ്രൊഫസർ സ്ഥാനക്കയറ്റം അംഗീകരിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ പ്രൊഫസറാക്കാൻ നീക്കങ്ങൾ പുരോഗമിക്കുന്നത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി കേരള വിസിക്ക് പരാതി സമമർപ്പിച്ചിട്ടുണ്ട്.















