തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകുന്നു. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. കരിപ്പൂരില്‍ നിന്നും മസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്.
ഇതിനെ തുടർന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം. നൂറിലധികം യാത്രക്കാരാണ് വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ചത്.
വിമാനം നാല് മണിക്കൂര്‍ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെന്നും പിന്നീട് അത് നീണ്ടുപോവുകയായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്. അതേസമയം വഴിതിരിച്ച് വിട്ട ദോഹ-കരിപ്പൂർ വിമാനം മംഗലാപുരത്തിറക്കി. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.